ഔഷധഗുണത്തിലും പോഷകസമൃദ്ധിയിലും ഏറെ സമ്പന്നമായ കാര്‍ഷിക വിളയാണ് കൂവ. കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ മാത്രമല്ല, ശരീര ക്ഷീണമകറ്റാനും രോഗശമനത്തിനും പ്രതിരോധത്തിനുമെല്ലാം കൂവ അത്യുത്തമമായിരുന്നു. ഒരു കാലത്ത് കൂവ ഇല്ലാത്ത പറമ്പുകളില്ലായിരുന്നു. ദരിദ്രരുടെയും സമ്പന്നരുടെയും വീടുകളില്‍ സുലഭമായി ലഭിച്ചിരുന്ന വിള. തൊടികളില്‍ സമ്പന്നമായി കൂവ വളരുമായിരുന്നു. തിരുവാതിര നോമ്പ് നോല്‍ക്കുന്ന സ്ത്രീകള്‍ അരിയാഹാരത്തിന് പകരം കൂവ കൊണ്ടുള്ള വിഭവമായിരുന്നു കഴിച്ചിരുന്നത്. എന്തിനേറെ പറയുന്നു, ആരോ റൂട്ട് ബിസ്‌ക്കറ്റുണ്ടാക്കുന്നത് കൂവപ്പൊടി കൊണ്ടാണ്. എന്നാല്‍ പിന്നീട് പല നാടന്‍ വിഭവങ്ങളെയും പോലെ കൂവയും മലയാളികളുടെ ആഹാരശീലത്തില്‍ നിന്ന പിന്തള്ളപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്രതാപം വീണ്ടെടുത്തു തിരിച്ചുവരികയാണ് കൂവ കൃഷി. മാര്‍ക്കറ്റില്‍ ഇപ്പോള്‍ വലിയ വിലയാണ് കൂവപ്പൊടിക്കുള്ളത്. അതുകൊണ്ടുതന്നെ കൂവകൃഷി ലാഭകരമാകും.

കേരളത്തിലെ മണ്ണും കാലവസ്ഥയും കൂവകൃഷിക്ക് അനുയോജ്യമാണ്. തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍ തോപ്പിലും റബ്ബര്‍ തോട്ടത്തിലും തുടങ്ങി എവിടെ വേണമെങ്കിലും ഇടവിളയായും തനിവിളയായും കൂവ കൃഷി ചെയ്യാം. കന്നുകാലി വളമൊ കോഴിക്കാഷ്ടമോ തുടങ്ങി ഏതെങ്കിലും ജൈവവളം ഇട്ട് നിലം നല്ലവണ്ണം കിളച്ച് മണ്ണ് പരുവപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പുതുമഴ വരുന്ന സമയത്ത് വിത്തുകള്‍ ചെറിയ കഷണങ്ങളായി മുറിച്ച്, മണ്ണുമാന്തികൊണ്ട് ചേറുചാലുകളുണ്ടാക്കി,അതില്‍ നട്ടുകൊടുക്കുക. എന്നിട്ട് മണ്ണ് തടവി ശരിയാക്കിയശേഷം ഉണങ്ങിയ ഓലയോ കരിയിലയോ പച്ചിലയോ മുകള്‍ഭാഗത്ത് വിരിക്കുക. ഇത് പെട്ടെന്ന് കിളിര്‍ത്തുവരാന്‍ സഹായിക്കും. കൂവ ഒരു പ്രാവശ്യം ചെയ്ത സ്ഥലത്ത് അടുത്ത വര്‍ഷത്തെ വിളവ് ചെറിയ തോതിലുണ്ടാവും. കൂവയുടെ വകഭേദങ്ങളെ ബിലിത്തി കൂവ, നാടന്‍ കൂവ, മഞ്ഞക്കൂവ,നിലക്കൂവ, ഔഷധക്കൂവ എന്നിങ്ങനെ അറിയപ്പെടുന്നു.

കീടങ്ങളുടെയോ രോഗങ്ങളുടെയോ ഉപദ്രവങ്ങളും കുറവാണ്. പറമ്പുകളില്‍ കൂവ കൃഷി ചെയ്താല്‍ കീടങ്ങളെ അകറ്റാന്‍ കഴിയും. തെങ്ങ്,കവുങ്ങ് തോട്ടങ്ങളില്‍ കീടപ്രതിരോധത്തിന് കൂവ ഉപയോഗിക്കാം.

രണ്ട് തരത്തിലാണ് കിഴങ്ങില്‍ നിന്നും കൂവപ്പൊടി എടുക്കുന്നത്. കിഴങ്ങ് നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉണക്കിയെടുക്കുന്നതാണ് ഒരു രീതി. നാല് ദിവസത്തെ ഉണക്കിന് ശേഷം കുത്തിപ്പൊടിക്കുകയോ മില്ലില്‍ പൊടിപ്പിക്കുകയോ ചെയ്യും. ഈ പൊടി വലിയ പാത്രത്തിലാക്കി വെളളമൊഴിച്ച് കലക്കി വെക്കും. മുകള്‍ഭാഗത്തെ വെളളത്തിന് കറുപ്പു നിറമായിരിക്കും. നൂറ് അടിയില്‍ കട്ടിയാകുന്നു. മേല്‍വെളളം ആറ് ദിവസം നീക്കം ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന നൂറ് ഉണങ്ങുവാന്‍ വെക്കണം. അഞ്ചു ദിവസത്തെ ഉണക്കുകൊണ്ട് കൂവപ്പൊടി തയ്യാറാകും.

പച്ചക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന ചാറ് വെളളമൊഴിച്ച് നല്ലവണ്ണം കലക്കിയശേഷം തെളിയുവാന്‍ വെക്കുക. തുടര്‍ന്ന് മുകള്‍ ഭാഗത്തെ കറുത്ത വെള്ളം ഒഴിവാക്കി മീതെ വെളളമൊഴിച്ച് കലക്കി വയ്ക്കുന്നു. ഇങ്ങനെ ഏകദേശം ആറ് ദിവസം ആവര്‍ത്തിച്ച ശേഷം അടിമട്ടാകുന്ന നൂറ് ഉണക്കിയെടുക്കുന്നതാണ് മറ്റൊരു രീതി. പന്ത്രണ്ട് കിലോ കൂവയില്‍ നിന്നും ഒരു കിലോ പൊടി കിട്ടുമെന്നതാണ് കണക്ക്.

കൂവപ്പൊടി കുട്ടികള്‍ക്ക് കുറുക്കായും ക്ഷീണം മാറാന്‍ ഇലയടയായും പായസമുണ്ടാക്കിയും നല്‍കാം. കുഞ്ഞുങ്ങള്‍ക്ക് കൂവ വെളളം നല്‍കുന്നത് വളരെ നല്ലതാണ്. ഉഷ്ണകാലത്ത് കൂവപ്പൊടി ശരീരത്തെ തണുപ്പിക്കും. അതുകൊണ്ട് മൂത്രച്ചൂട്, മൂത്രപഴുപ്പ്,മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങളെ തടയാന്‍ കഴിയും. മുലകുടി മാറ്റുമ്പോള്‍ കുട്ടികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന വിളര്‍ച്ച മാറ്റിയെടുക്കുവാന്‍ നല്‍കുന്ന പോഷണവും കൂവയാണ്. കുഞ്ഞുങ്ങളുടെ മൃദുലമായ വയറിനും ദഹനേന്ദ്രിയ വ്യവസ്ഥകള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്ലൊരു പോഷകസമ്പത്താണ് കൂവപ്പൊടി.കിഴങ്ങില്‍ നിന്നും ലഭിക്കുന്ന കറ മനുഷ്യ ശരീരത്തിലെ മുറിവുകളും വൃണങ്ങളും അണുബാധയേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കപ്പെട്ടിരുന്നു. മുകളില്‍ തെളിയുന്ന കറുത്ത ജലം ചെടികള്‍ക്ക് കീടനാശിനിയായി ഉപയോഗിക്കാം. ഈ വെള്ളത്തില്‍ കഞ്ഞിവെള്ളവും 5 മില്ലിലിറ്റര്‍ വേപ്പെണ്ണയും ചേര്‍ത്താണ് കീടനാശിനി ഉണ്ടാക്കുന്നത്. വയറിളക്കത്തിനും ക്ഷീണത്തിനും ഉത്തമമാണ് കൂവ.

കൂവ പൊടി ആവശ്യം ഉള്ളവർ ബന്ധപ്പെടുക 04931206576

വാട്സ്ആപ്പ് : +919446993362

കൊറിയർ വഴി അയച്ചു കൊടുക്കുന്നതാണ്…

All reactions:

21Catherine Dominic, Shafeek Safeek and 19 others

Leave a Reply

Your email address will not be published. Required fields are marked *